2012 ഒക്‌ടോബർ 28, ഞായറാഴ്‌ച

ദുഃഖം

അറിഞ്ഞില്ല ഞാന്‍ നിന്‍ നൊമ്പരം
കേട്ടില്ല ഞാന്‍ നിന്‍ നിശ്വാസം
കണ്ടില്ല ഞാന്‍ നിന്‍ കണ്ണുനീര്‍
ഓര്‍ത്തില്ല ഞാന്‍ നിന്‍ കദനകഥ.

എന്നുടെ ലോകത്തില്‍ ഞാന്‍ മയങ്ങി
എന്നിലെ നിശ്വാസം മാത്രം ഞാന്‍ കേട്ടു
എന്നുടെ ദുഃഖങ്ങള്‍ ഒന്നൊന്നായെണ്ണി
എന്തിനീ പരീക്ഷണമെന്നു ഞാന്‍ കേണു.

അടച്ചിട്ടജാലകം ഒന്നു ഞാന്‍ തുറന്നു
നോക്കി ഞാന്‍ പുറത്തേക്ക് ഒരു നിമിഷനേരം
കണ്ടു ഞാന്‍ കൈകള്‍ നീട്ടുന്ന ഏഴകളെ
വിശക്കുന്നുവെന്ന് കേഴുന്ന മനുഷ്യര്‍തന്‍ നിലവിളി.

അമ്മതന്‍ ഒട്ടിയ സ്തനങ്ങളില്‍ കടിച്ച്
പാലിനായ്‌ തേങ്ങും പൈതലിന്‍ രോദനം
കേട്ടു ഞാന്‍ ദൂരെ സ്ത്രികള്‍തന്‍ പൊട്ടിച്ചിരി
മദ്യലഹരിയില്‍ അട്ടഹസിക്കും മനുഷ്യര്‍തന്‍ ശബ്ദം.

ഈശ്വരായെന്നു ഞാന്‍ വിളിച്ചു വ്യസനമോടെ
ഇറുക്കിയടച്ചു ഞാനെന്നുടെ മിഴികള്‍
എന്നുടെ ദുഃഖങ്ങള്‍ ഒന്നുമല്ലെന്ന്
അറിഞ്ഞു ഞാനപ്പോള്‍ ആ ഒരു നിമിഷനേരം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ