2013 ഓഗസ്റ്റ് 4, ഞായറാഴ്‌ച

സന്തോഷം

പച്ച പനം തത്ത പാടി...
പാട്ടിന്‍റെ താളത്തിലാടി...
കോകില ആ ഗാനം ചൂളമടിച്ചു
ഓലേഞ്ഞാലി ഓലതുമ്പേല്‍ ഉഞ്ഞാലാടി

മഞ്ഞക്കിളികള്‍ പറന്നു രസിച്ചു
കുഞ്ഞുകിളികള്‍ കണ്ടു കൊതിച്ചു
അണ്ണാരക്കണ്ണന്‍ ഓടി കളിച്ചു
മാമ്പഴമോന്ന് പൊട്ടിച്ചെടുത്തു

മഴമേഘങ്ങള്‍ ഓടിയടുത്തു
വര്‍ണ്ണമയൂരം പീലി വിടര്‍ത്തി
വേഴാമ്പല്‍ തന്നുടെ കൊക്കുകള്‍ നീട്ടി
ആകാംക്ഷയോടെ കാത്തിരുന്നു

ആകാശത്തില്‍ മിന്നല്‍പിണരുകള്‍
ഒന്നോന്നായ്‌ ഭൂവില്‍ പതിച്ചു
ഇടി മുഴക്കത്തിന്‍ കോലാഹലത്തില്‍
കൂട്ടികള്‍ അവരുടെ ചെവിയടച്ചു

പക്ഷികള്‍ തന്നുടെ പാട്ടു നിറുത്തി
കൂടുകളില്‍ ഓടിയൊളിച്ചു
മാരിതന്‍ തഴുകലില്‍ ഭൂമി ചിരിച്ചു
വിത്തുകള്‍ ഒന്നൊന്നായ് പൊട്ടിമുളച്ചു

ഇടിമിന്നലുകള്‍ പോയ്‌മറഞ്ഞു
ഇന്ദ്രധനുസ്സ് പുഞ്ചിരിച്ചു
കുട്ടികള്‍ കടലാസ് തോണിയിറക്കി
സന്തോഷമോടെ പൊട്ടിച്ചിരിച്ചു..

മഴവില്ല്

മഴപെയ്തു തീര്‍ന്നൊരു സമയം
ഒരു മഴവില്ലായ്‌ നീ ഇറങ്ങിവന്നു
നിന്‍ നിറങ്ങള്‍ എന്നില്‍ സന്തോഷമായ്‌
ആ നിറങ്ങളില്‍ അലിയാന്‍ ആശിച്ചുപോയി

ദൂരെ അങ്ങ് ആകാശത്തില്‍
സൂര്യന്‍ നിന്ന് പുഞ്ചിരിച്ചു
ആ പുഞ്ചിരിയില്‍ നീ മാഞ്ഞുപോയ്
നിന്‍ നിറങ്ങളെല്ലാം അലിഞ്ഞുപോയി

വീണ്ടും നിന്നെ ഒരു നോക്ക് കാണാന്‍
നോക്കി നോക്കി ഞാനിരുന്നു
മഴമേഘങ്ങള്‍ നിറഞ്ഞ നേരം
എന്‍ മനസ്സില്‍ മോഹങ്ങള്‍ നിറഞ്ഞു

ഇടി വന്നു മിന്നല്‍ വന്നു
എന്നുള്ളില്‍ ആശകള്‍ വന്നു
നീ വരുമെന്ന പ്രതീക്ഷയോടെ
ഞാന്‍ നാലു ദിക്കും നോക്കിയിരുന്നു

ഒരു ചാറ്റല്‍മഴ പെയ്ത നേരം
കണ്ടു ഞാന്‍ നിന്നെ കിഴക്ക് ദിക്കില്‍
ഏഴു വര്‍ണ്ണങ്ങള്‍ കൊണ്ട് നീ
ഒരു വര്‍ണ ചിത്രം വരച്ചല്ലോ

പ്രതീക്ഷ

എന്‍ സുഹൃത്തിന്‍ സുന്ദര വദനത്തെ
എന്‍ അകകാമ്പില്‍ കണ്ടുകൊണ്ട്
എന്‍ മനസിനെ ഏകാഗ്രമാക്കി
എന്‍ ഇമകള്‍ ഞാന്‍ പതുക്കെ അടച്ചു.
എന്‍ കിനാക്കളില്‍ നിന്‍ വരവും കാത്ത്
എന്‍ ഉള്ളിന്റെയുള്ളില്‍ നിന്നെ പ്രതിഷ്ടിച്ചു.
എന്‍ സ്വപ്നങ്ങളില്‍ വന്നു പക്ഷെ
എന്‍ സുഹൃത്തിന്‍ രൂപമല്ല
എന്‍ മുഖത്തേക്ക് ഉറ്റുനോക്കുന്ന
ഒരു ഉഗ്രരൂപിയാം കഥകളിവേഷം
എന്‍ മുന്നില്‍ വന്നു ഉറഞ്ഞുതുള്ളി
എന്നെ പല്ലിളിച്ചു കാട്ടി.
എന്‍ ഉറക്കത്തിനു ഭംഗം വരുത്തി
എന്നെ ഞെട്ടിച്ചുണര്‍ത്തി ആ വേഷം

എന്‍ മനസ്സില്‍ നിന്‍ രൂപമില്ലയിന്ന്
പകരം ആ വേഷമൊന്നുമാത്രം
എന്നുള്ളില്‍ തെളിഞ്ഞു നില്‍ക്കുന്നു
എന്ന സത്യം ഞാനെങ്ങിനെ പറയും
എന്‍ വിഷാദം ഞാന്‍ മറക്കാന്‍ ശ്രമിച്ചു
എന്‍ മനസിനെ ഞാന്‍ നിയന്ത്രിച്ചുവെങ്കിലും
എന്നുള്ളിന്റെയുള്ളില്‍ ഒരു തേങ്ങല്‍
അലയടിച്ചുയരുന്നത് എങ്ങിനെ ഒളിക്കും
ഇന്നും ഞാന്‍ തേടുന്നു നിന്‍ മുഖം
എല്ലാ ആള്‍കൂട്ടത്തിനിടയിലും.
എവിടെപോയ്‌ മറഞ്ഞാലും
ഒരിക്കല്‍ ഞാന്‍ കണ്ടെത്തും...
എന്‍ ഹൃത്തിന്‍ പ്രതീക്ഷ
ഞാന്‍ കൈവെടിയുകില്ല ഒരിക്കലും.

ജീവിതം ഒരു സാഗരം

എന്‍ ഓര്‍മ്മകളില്‍ ഇന്ന് ഞാന്‍ മുങ്ങിതപ്പി
അവിടെ ഒരു ചിപ്പിയോ മുത്തോ ഞാന്‍ കണ്ടതില്ല
എന്‍ സ്വപ്നങ്ങളില്‍ ഞാന്‍ തിരഞ്ഞു
ഒരു കിനാവും നല്ലതായ്‌ എനിക്ക് തോന്നിയില്ല
എന്‍ ജീവിതമാകും ബുക്കിന്‍ താളുകള്‍ ഞാന്‍ മറിച്ചു
ഒരു താളില്‍പോലും ഒരു വരയോ കുറിയോ കണ്ടില്ല
എന്‍ ഉള്ളിന്റെ ഉള്ളില്‍ എന്നെ തേടി ഞാന്‍
പക്ഷെ എനിക്കെന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല
ഇന്ന് ഞാനറിയുന്നു എന്നോ എവിടെയോ
എനിക്കെന്നെത്തന്നെ നഷ്ടമായി എന്ന്
ജീവിതമാകുമീ സാഗരത്തില്‍ ഇന്നു ഞാന്‍
നീന്തലറിയാതെ കൈകാലിട്ടടിച്ചു നിലവിളിച്ചു
എന്‍ നിലവിളി ആരും കേട്ടതില്ല
എന്‍ നെടുവിര്‍പ്പുകള്‍ ആരും കണ്ടതില്ല
ഒരു ലക്ഷ്യവുമില്ലാതെ ഈ മഹാസാഗരത്തില്‍
എന്‍ ദേഹി മുങ്ങിപൊങ്ങുന്നത് ഞാനിങ്ങു നോക്കി നിന്നു

2013 ഏപ്രിൽ 1, തിങ്കളാഴ്‌ച

വരുമൊരിക്കല്‍

ഒരു ഗാനമായ്‌ നീ ജനിച്ചു എന്നില്‍
ഒരു രാഗമായ്‌ നീ നിറഞ്ഞു എന്നില്‍
ഒരു ഓര്‍മ്മയായ്‌ നീ തങ്ങി നിന്നു
ഒരു മോഹമായ്‌ നീ വിളിച്ചുണര്‍ത്തി

എന്‍റെ ഹൃദയത്തില്‍ നൊമ്പരമായ്‌
എവിടെയോ നീ മറഞ്ഞു നിന്നു
എന്‍റെ മനസ്സില്‍ പ്രതീക്ഷയായ്
എന്നും നീ തെളിഞ്ഞു നിന്നു

കിളികള്‍ തന്നുടെ ഗാനങ്ങളില്‍
നിന്റെ സ്വരം ഞാന്‍ കേട്ടു നിന്നു
മന്ദമാരുതന്‍ വീശും നേരം
ഞാനറിഞ്ഞു നിന്‍ സാമീപ്യം

ദൂരെ നിന്നും നീ മാടിവിളിച്ചു
ദൂരം നമ്മെ അകറ്റി നിര്‍ത്തി
സദാചാര ഭിത്തി ഭേദിക്കാന്‍
മടിച്ചു നമ്മള്‍ അകന്നു നിന്നു

ഇന്നു നീ പോവുകയായ്‌
എന്നെ വിട്ട് ദൂരെ ദൂരെ
ഇനിയും നമ്മള്‍ കാണുമോ?
എന്നെന് ഹൃദയം തേങ്ങി നിന്നു

വരുമൊരിക്കല്‍ എന്നെ കാണാന്‍
എന്നു നീ ചൊല്ലിയപ്പോള്‍
മനസിനുള്ളിലെ വിങ്ങലുകള്‍
മറന്നു ഞാന്‍ നിന്നെ യാത്രയാക്കി.

2013 മാർച്ച് 31, ഞായറാഴ്‌ച

തുറക്കാത്ത വാതില്‍

 പ്രഭാതത്തിന്‍ നിശബ്ദതയെന്നെ
തൊട്ടുണര്‍ത്തിയ നിമിഷം
ശിശിരത്തിന്‍ വിരലുകളെന്‍മേനി
തഴുകികടന്നൊരു നേരം
ഉറക്കത്തിനിടയില്‍ തട്ടിമാറ്റിയ കമ്പിളിപുതപ്പിനെ
തേടിയെന്‍ കൈകള്‍
പുതപ്പിന്‍ ചൂടില്‍ കണ്ണുകളടച്ചു ഞാന്‍
വീണ്ടും നിദ്രയെ പുല്‍കാന്‍
എന്നകകണ്ണില്‍ കണ്ടു നിന്നുടെ പുഞ്ചിരി തൂകും
തിളങ്ങും മിഴികള്‍
ആ മിഴികള്‍തന്‍ ആഴത്തിലൊളിക്കാനായ്‌
ഇന്നെന്‍ ഹൃദയംതുടിച്ചു
എവിടെ നിന്നോ ഉള്ളിന്റെയുള്ളില്‍
ആശകളെന്നെ വരിഞ്ഞുമുറുക്കി
പതുക്കെ പതുക്കെ മിഴികള്‍ തുറന്നു ഞാന്‍
നിനക്കായ്‌ ചുറ്റും നോക്കി
അടച്ചിട്ട നിന്നുടെ വാതിലില്‍ മുന്നില്‍
ഏകയായ് ഞാനിന്നു നിന്നു
തുറക്കില്ലെ ഈ വാതില്‍ ഒരിക്കല്‍ക്കൂടി
എന്നെന്‍ മനമിന്നു കേണു...
ഒരു വാക്ക്പോലും പറയാതെ എന്തിനായ്‌
ഓടിയകന്നു നീ എന്നില്‍നിന്നും
മരണത്തിന്‍റെ വിളികേട്ടപ്പോള്‍
എന്നെ മറന്നത് ശരിയാണോ????

കോപം

 

 സൂര്യകിരണങ്ങളില്‍ നിന്‍ ചുടുനിശ്വാസം ഞാന്‍ അറിഞ്ഞു
ഓരോ മഴത്തുള്ളികളിലും നിന്‍ കണ്ണുനീര്‍മുത്തുകള്‍ ഞാന്‍ കണ്ടു
എന്തിനോവേണ്ടിയുള്ള ഓട്ടത്തിനിടയില്‍ നമ്മള്‍ നമ്മളെതന്നെ മറന്നു
ഉള്ളിന്റെയുള്ളിലെ കോപാഗ്നിചൂടില്‍ നമ്മള്‍ ഓരോദിനവും പോരാടി
എന്തിനായിരുന്നു എന്ന ചോദ്യത്തിനുത്തരം നല്‍കാന്‍ കഴിവതില്ല
കോപം എന്ന രണ്ടക്ഷരം നമ്മുടെ ജീവിതം തന്നെ വിഴുങ്ങി
ഒരുനാള്‍ നിനക്കുവേണ്ടി ഞാന്‍ എല്ലാം വേണ്ടന്നുവെച്ചു
അതുപോല്‍ എനിക്കായ് നീയും എല്ലാവരെയും തള്ളിപറഞ്ഞു
ഇന്ന് നമ്മള്‍ നമ്മള്‍ക്കുതന്നെ അന്യരായ്‌ പരസ്പരം അറിയാതെ
ഏകാന്ത തടവുകാരെ പോലെ രണ്ടു മുറികളില്‍ ജീവിക്കുന്നു
എന്നാണ് നമ്മള്‍ ശത്രുക്കളായത് എന്നെനിക്കറിയില്ല
തിരിച്ചുപിടിക്കാന്‍ ആശയുണ്ടെങ്കിലും അഹം അതിന് സമ്മതിക്കുന്നില്ല..

എന്‍ മനമറിയാതെ

 അറിയാതെ എന്‍ മനമറിയാതെ ഞാന്‍
കാതോര്‍ത്തു നിന്നു നിന്‍ കാലൊച്ചയ്ക്കായ്‌..
എവിടെയൊ കണ്ടു മറന്നതുപോലുള്ള
നിന്‍ മുഖമെന്‍ മുന്നില്‍ തെളിഞ്ഞു വന്നു
ഓര്‍ക്കാന്‍ ശ്രമിച്ചിട്ടും ഓര്‍മ്മ കിട്ടാതെ
എന്‍ മനസിനടിതട്ടില്‍ നീ മറഞ്ഞു നിന്നു
ഒരു ചിത്രശലഭംപോല്‍ പറന്നുയര്‍ന്നൂ നീ
നിറങ്ങള്‍തന്‍ ലോകത്ത് ഒളിച്ചുനിന്നു...
ഓര്‍മ്മകള്‍ തന്നുടെ നടുമുറ്റത്തെന്തിനു
എന്നെ തനിച്ചാക്കി കടന്നുപോയ് നീ...
അറിഞ്ഞില്ലെ നീയെന്‍ വേര്‍പാടിന്‍ നൊമ്പരം
അറിഞ്ഞിട്ടും അറിഞ്ഞില്ലന്നു നടിച്ചതാണോ...
ആകാശ മേഘ പാളികള്‍ക്കിടയില്‍
നിനക്കായ്‌ ഞാനിന്ന്‌ തിരഞ്ഞുവല്ലോ
ഒരു കുളിര്തെന്നലായ്‌ എന്നുടെ കുറുനിര
മാടിയൊതുക്കി നീ അകന്നുപോയോ...
എന്നുടെ മനതാരില്‍ കണ്ടു നിന്‍ സാമീപ്യം
എന്തിനായ് എന്നെ കളിപ്പിച്ചു നീ...
വരില്ലയോ നീയൊരു നിമിഷമെങ്കിലും
എന്നുടെ അരികില്‍ ഇരിപ്പതിനായ്‌...