2012 നവംബർ 30, വെള്ളിയാഴ്‌ച

മന്ത്രധ്വനി


ഒരു കൊച്ചു മന്ത്രധ്വനി പോലെ നിന്‍ സ്വരം
എന്‍ അകതാരില്‍ വന്നു പതിച്ചു
അറിയാതെയെന്‍മനം രോമാഞ്ചമണിഞ്ഞു
എന്‍ കണ്ണുകള്‍ നിനക്കായ്‌ തേടി...

മഞ്ഞുകണങ്ങള്‍ നിശബ്ദമായ്‌ പോഴിയുന്നപോലെ
നിന്‍ ചിരിയെന്‍ കാതില്‍ പതിഞ്ഞു
കണ്ണുകള്‍ ചിമ്മിയെന്‍ ഹൃദയം തുറന്നു ഞാന്‍
നിന്‍ ചിരിതല്‍ മണിയൊച്ച കേട്ടു.

സ്നേഹത്തിന്‍ പേരു പറഞ്ഞു നീയെന്നെ
നിന്നെ അറിയാനായ്‌ ക്ഷണിച്ചു.
ഓടിയടുത്തു ഞാന്‍ നിന്‍ മുന്നിലേക്ക്‌
ആ നിമിഷം ഞാനെന്നെ മറന്നു...
 
ഓര്‍മ്മകള്‍ മാത്രം എനിക്കായ്‌ നല്‍കി
നീ എവിടെയോ പോയ്‌ മറഞ്ഞു
ഇന്നെന്‍റെ ഉള്ളിന്റെയുള്ളില്‍
ഒരു മൌന നൊമ്പരമായി നീ മാറി...

2012 നവംബർ 13, ചൊവ്വാഴ്ച

ദേശാടന പക്ഷി

ഒരു ദേശാടന പക്ഷിയെപ്പോലെ ഞാനും
ഒരു നാള്‍   നാടുകള്‍ ‍ കാണാന് ഇറങ്ങിത്തിരിച്ചു....
എന്‍ ലക്ഷ്യം മറന്നു ഞാനെന്‍റെ സ്വപ്നം മറന്നു
ഒരു നാലുകെട്ടിനുള്ളില്‍ തളച്ചു ഞാന്‍ എന്നെ.

ഒരു മണിനാദത്തിന്‍ സ്വരത്തില്‍ എഴുന്നേറ്റു 
എന്‍ ദൈനംദിന കൃത്യങ്ങള്‍  കഴിച്ചു പോന്നു
മതപഠനം, പ്രാര്ത്ഥന, ധ്യാനം
എന്നിവയിലെന്‍ ജീവിതാഭിലാഷങ്ങള്‍  ചുരുങ്ങി ...   

പുസ്തകങ്ങള്‍  ആയിരുന്നു എന്റെ ലോകം
ഒരു പുസ്തക പുഴുവായി മാറി ഞാനും...
ദിനരാത്രങ്ങള്‍  മാറി മാറി കടന്നു പോയി
ഋതുഭേദങ്ങള്‍  പലതും അകന്നു പോയി....  

ഒരു ദിനം സ്വപ്നത്തില്‍  നിന്നെന്നപോല്‍  ഞാനുണര്ന്നു
എന്മനം കൊഴിഞ്ഞ വസന്തത്തിലേക്കുറ്റ്നോക്കി...   
ഇതല്ല ഞാന്‍ കണ്ടസ്വപ്നം എന്നെന്‍ മനം തേങ്ങി
സമയമായി ദേശാടനത്തിനെന്നുചൊല്ലി.

ഒരു ചിറകറ്റ പക്ഷിയെപോലെ ഞാനീ
പുതുലോകം കണ്ടു പകച്ചു നിന്നു.....
എന്‍ അമ്മതന്‍ അരികില്‍ ഞാന്‍ ഓടിയണഞ്ഞു 
സ്നേഹതലോടലില്‍ എന്‍ സ്വപ്നങ്ങള് ചിറകു വിടര്ത്തി...

വീണ്ടുമൊരു ദേശാടനത്തിനിറങ്ങി ഞാനും
എന് തളിര്കൂട്ടം കണ്ടു എല്ലാം മറന്നു
ഇനി എത്രനാള്‍ എന്നറിയില്ലെങ്കിലും
തളിര്തണലില്‍ ഒന്ന് വിശ്രമിച്ചോട്ടേ ഞാന്‍ .......

യാത്ര

എവിടെക്കാണീ യാത്ര
എന്തിനെ തേടിയാണീ യാത്ര
ഏതോ ഒരു അജ്ഞാത തീരം തേടി
എനിനെന്ന്നറിയാത്ത യാത്ര

എല്ലാവരില്‍ നിന്നും ഓടിയകലാന്‍
എല്ലാത്തില്‍ നിന്നും അകന്നു നില്ക്കാന്‍
ഏതോ ഒരു ലോകത്തിന്‍ കോണിലേക്ക്
എല്ലാം മറന്നുള്ള ഒരു യാത്ര

ഓരോ ചുവടുവെപ്പും സൂക്ഷിച്ച്
പുറകോട്ടു നോക്കാതെ മുന്‍പോട്ട്
ഓര്‍മ്മകള്‍ മാത്രം കൂട്ടിനായി
ഏകാന്തമായ ഒരു യാത്ര

ഉയരങ്ങളിലേക്കാണോ ഈ യാത്ര
തിരിഞ്ഞുനോക്കാതെയുള്ള യാത്ര
ഒരു ദിനം ഈ യാത്ര തീരും
പുതിയൊരു യാത്ര ആരംഭിക്കും

ജീവിതം ഒരു ത്യാഗം

നിന്‍ കാലടിയൊച്ചക്കായ്‌ കാതോര്‍ത്തിരുന്നു ഞാന്‍
നിന്‍ മുഖം കാണാനായി വെമ്പലോടെ
ഏതോ മണലാരണ്യത്തില്‍ നീ എനിക്കായ്
നിന്റെ ജീവിതം ഹോമിച്ചുവല്ലോ

ഒരു നല്ല നാളയെ കേട്ടിപ്പെടുത്തുവാന്‍
ഇന്നിന്‍ സുഖങ്ങള്‍ നാം പരിത്വജിച്ചു
നമ്മുടെ ഓമന മക്കള്‍ക്കൊരുനല്ല നാളെക്കായി
നമ്മുടെ ജീവതം മാറ്റിവച്ചു.

വര്‍ഷത്തില്‍ ഒരുമാസം ഒന്നിച്ചു ജീവിച്ച്
നമ്മുടെ ആഗ്രഹം സാക്ഷാത്ക്കരിച്ചു നാം
പറന്നകന്നൊരു ഇന്നലകളെയോര്‍ത്ത്
ഇന്നെന്‍ മനം പരിതപിക്കുന്നു

നമ്മുടെ  മക്കള്‍ വളര്‍ന്നു വലുതായി
ഇന്നവര്‍ക്ക് നമ്മള്‍ അന്യരായി
എന്തിനായിരുന്നു ഈ ത്യാഗം
എന്തിനായിരുന്നു ഈ ഓട്ടം.

ജീവിത കര്‍ത്തവ്യം ചെയ്തെന്ന്  ആശിക്കാം
ആ ആശയില്‍  ആശ്വാസം കണ്ടെത്തിടാം
ഇനിയുള്ള ജീവിതം ഒന്നിച്ചു  പങ്കിടാം
ഇനിയൊരു വേര്‍പാട്‌ വേണ്ടേ വേണ്ട.

എന്റെ അനുജത്തി

എന്‍ അനുജത്തി എന്‍റെ കുഞ്ഞനുജത്തി
അവളുടെ ജന്മം എന്നില്‍ സന്തോഷം നിറച്ചു
അവളുടെ ആദ്യ ചിരി എന്നില്‍ പൂത്തിരി കത്തിച്ചു
അവള്‍ ഞങ്ങളുടെ ഓമനയായി വളര്‍ന്നു

എന്‍ വിരല്‍ത്തുമ്പില്‍ പിടിച്ചവള്‍ പിച്ച വച്ചു
എന്‍ ദുഖങ്ങളും സന്തോഷങ്ങളും അവള്‍ പങ്കിട്ടു
എന്‍ പരിഭവവും, പരിവേധനയും അവള്‍ കേട്ടു
എന്‍ ഉയര്‍ച്ചയില്‍ അവള്‍ എന്നെ അഭിനന്ദിച്ചു
എന്‍ തോല്‍വിയില്‍ അവള്‍ എന്നെ ആശ്വസിപ്പിച്ചു
എന്‍ മനസിന്‍ നൊമ്പരങ്ങള്‍ അവള്‍ ഒപ്പിയെടുത്തു

സ്നേഹമയിയാം എന്‍ അനുജത്തി
എന്നും എനിക്ക് താങ്ങും തണലുമായി വന്നു
അവളിന്നൊരു കുടുംബിനിയാണെങ്കിലും
അവള്‍ ഒരു ആല്‍മരം പോലെ ആശ്വാസമായി
അവളുടെ ആത്മാര്‍ത്ഥമായ സ്നേഹത്തിന്‍ മുന്‍പില്‍
എന്‍ ഹൃദയം ആഹ്ലാദപൂരിതമായി.

എന്‍ ഓര്മ്മ്തന്‍ ചെപ്പ്‌

എന്‍ ഓര്‍മ്മതന്‍ ചെപ്പുകള്‍ നിന്‍ മുന്‍പില്‍ തുറന്നിടാം
എന്‍ ഓര്‍മ്മകള്‍ ഒന്നൊന്നായി ഞാന്‍ ഏറ്റു ചൊല്ലാം
ആദ്യമായി നീയെന്നെ സ്കൂളില്‍ കൊണ്ടുപോയതും
എനിക്കായി കുളത്തില്‍നിന്ന്‌ ആമ്പല്‍പ്പൂ പറിച്ചതും
നെല്ലി മരത്തില്‍ കയറി നെല്ലിക്ക പറിച്ചതും
പിന്നെ കല്ലു കളിച്ചതും, കബഡി കളിച്ചതും
എന്നെ സൈക്കിള്‍ ഓടിക്കാന്‍ പഠിപ്പിച്ചതും
എന്‍ഓര്‍മയില്‍ മങ്ങാതെ നില്‍ക്കുന്നു

സ്കൂളില്‍ പോകും വഴി കഥകള്‍ പറഞ്ഞതും
ഒളിച്ചിരുന്നന്നെ പേടിപ്പിച്ചതും.........
തോട്ടില്‍ മഴവെള്ളം നിറഞ്ഞു കവിഞ്ഞപ്പോള്‍
എന്നെ എടുത്ത് അക്കരെ കടത്തിയതും
വേനല്ക്കാലവധിക്ക് നീന്തല്‍ പഠിപ്പിച്ചതും
ഇന്നന്ന പോലെ എന്‍ ഓര്‍മയില്‍ മറയാതെ നില്‍ക്കുന്നു

എന്‍ തലമുടി നീ രണ്ടായി പിന്നി തന്നതും
കണ്‍കളില്‍ കണ്‍മഷി എഴുതിയതും
നെറ്റിയില്‍ ചാന്തുപൊട്ട് തൊട്ടതും
തലയില്‍ റോസാപൂ ചൂടിച്ചതും
മഴയത്ത്‌ ഒരു കുടക്കീഴില്‍ നടന്നതും
എന്‍ സഹോദര എല്ലാം എല്ലാം
എന്നുമെന്‍ ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്നു

മിഥ്യ

ഒരു ഇന്ദ്രധനുസ്സായ്‌ നീ എന്‍ മുന്‍പില്‍ വന്നു
മഴവില്ലിന്‍ നിറങ്ങള്‍ നിന്നില്‍ ഞാന്‍ കണ്ടു
ഒരു പല വര്‍ണ്ണ കിളിപോലെ നീ പറന്നുയര്‍ന്നു
എന്നില്‍ നീ ആശകളും ആശയങ്ങളും നിറച്ചു
ആശകള്‍ ചിത്രങ്ങളായി കാന്‍വാസില്‍ വരച്ചു
ആശയങ്ങള്‍ അക്ഷരങ്ങളായ് കടലാസ്സില്‍ ജനിച്ചു
ഒന്ന് കൈയെത്തിപ്പിടിക്കാന്‍ എന്‍ മനം കൊതിച്ചു
കൈയെത്താ ദൂരത്തു നിന്ന് നീയെന്നെ പരിഹസിച്ചു
അപ്പോള്‍ നീ വെറും മിഥ്യ ആണെന്ന് ഞാനറിഞ്ഞു
നീയെന്ന മിഥ്യകണ്ട് എന്‍ മനം വേദനിച്ചു
എന്‍ കണ്ണുനീര്‍ കാന്‍വാസിലെ ചിത്രങ്ങള്‍ മായിച്ചു
അക്ഷരങ്ങള്‍ എന്‍ മനസ്സില്‍ നിന്നും ഓടിയകന്നു
എല്ലാം മായയെന്നു ഞാന്‍ ആശ്വസിച്ചു
ആ ആശ്വാസത്തില്‍ വീണ്ടും ആശകള്‍  ഉണര്‍ന്നു
ആ ഉണര്‍വില്‍ എന്നിലെ ചിത്രകാരന്‍ ചിത്രങ്ങള്‍ വരച്ചു
എന്നിലെ കഥാകൃത്ത് കഥകള്‍ രചിച്ചു
എന്‍ ചിത്രങ്ങള്‍ എല്ലാം മോഗഭംഗങ്ങളും
എന്‍ കഥകള്‍ എല്ലാം ആശാഭംഗങ്ങളും ആയി
എന്നിട്ടും നിന്നെ മറക്കാന്‍ എനിക്ക് കഴിഞ്ഞില്ല
എന്‍ മനസ്സിന്‍ കോണില്‍ ഇന്ദ്രധനുസ്സായി നീ നിന്നു

കാത്തിരിപ്പ്

ആയിരമായിരം രാവുകളില്‍
എന്‍ സ്വപ്നത്തില്‍ നീ വന്നു
നിന്‍ ചിരിയില്‍ ഞാനെന്നെമറന്നു
നിന്‍ നോക്കില്‍ ഞാനീ ലോകം മറന്നു

ഗാനത്തിന്‍ ഈണങ്ങളില്‍
നിന്‍ ശ്രുതി ഞാന്‍ കേട്ടു.
ഹൃദയ മിടിപ്പുകളില്‍
നിന്‍ സ്നേഹം ഞാനറിഞ്ഞു.

പ്രഭാത സൂര്യ കിരണങ്ങളില്‍
നിന്‍ പ്രഭ ഞാന്‍ കണ്ടെത്തി
രാവില്‍ ചന്ദ്രിക വെളിച്ചത്തില്‍
നിന്‍ കുളിര്‍മ  ഞാനറിഞ്ഞു.

കാട്ടരുവിതന്‍ കളകളാരവത്തില്‍
നിന്‍ ചിലമ്പൊലി ഞാന്‍ കേട്ടു
കാറ്റിന്‍റെ  മര്‍മ്മരത്തില്‍
നിന്‍ കിളിമൊഴി ഞാന്‍ കേട്ടു

പനിനീര്‍ പൂവിതളില്‍ 
നിന്‍ മൃദുലത  ഞാനറിഞ്ഞു
പിഞ്ചുകുഞ്ഞിന്‍ നിഷ്കളങ്കതയില്‍   

നിന്‍ നിര്‍മ്മലത ഞാനറിഞ്ഞു

വരുമോ നീ ഇനിയും എന്‍ കനവുകളില്‍
തരുമോ നിന്‍ സാമീപ്യം
വരില്ലേ നീ എന്നരുകില്‍ ഒരിളംകാറ്റായ്
തരില്ലേ നിന്‍ സ്നേഹതലോടല്‍

കാത്തിരിപ്പു ഞാനിന്നും
ഈ ഏകാന്ത തീരത്ത്
ഒരു നോക്ക് നിന്നെ കാണാന്‍
ഒരു വാക്ക് നിന്നോടുരയാന്‍....

പൂജ

കാണാമറയത്തു നിന്നു ഞാന്‍
നിന്നെ ഒരു നോക്ക് കണ്ടു
ആ നിമിഷം തന്നെ നീ
എന്‍ മനസ്സില്‍ കുടിയേറി
എന്നുള്ളില്‍ ആശകള്‍ തളിരിട്ടു
മോഹങ്ങള്‍ മൊട്ടിട്ടു
നീ അറിയാതെ ഞാന്‍ അവ
എന്‍ ഹൃത്തില്‍ ഒളിച്ചുവച്ചു.
ഒരുമകരമാസ സന്ധ്യയില്‍
നിന്നെ  വീണ്ടും കണ്ടു ഞാന്‍
അന്ന് നിന്നെ സ്വന്തമാക്കാന്‍
കൊതിച്ചു ഞാന്‍...
പുതിയ സ്വപ്നങ്ങള്‍ ഞാന്‍ കണ്ടു
അതില്‍ നീയെന്‍ റാണിയായി
അത് ആരോടും പറയാതെ
എന്‍ മനസില്‍  മറച്ചു വച്ചു.

തുളസി കതിര്‍ ചൂടി
ഈറന്‍ മുടിയുമായി
അമ്പല മുറ്റത്ത് നിന്നെ കണ്ടു ഞാന്‍
വീണ്ടും കണ്ടു ഞാന്‍
അന്നും ഞാന്‍ നിന്നെ ആശിച്ചു
രാവിന്‍റെ മടിയില്‍ നിന്നെയോര്‍ത്തു
ഒരിമപോലും അടയ്ക്കാതെയിരുന്നു ഞാന്‍
എന്നിട്ടും ആരും അറിയാതെ
എന്നുള്ളില്‍ സുക്ഷിച്ചു വച്ചു

ഒരു ശുഭദിനം ഞാന്‍ നിന്നെ
നിന്‍റെ  പ്രിയന്‍റെ കൂടെ കണ്ടു

നിയെന്‍റെതല്ലെന്നറിഞ്ഞു  ഞാന്‍
അന്നറിഞ്ഞു ഞാന്‍....

ആ ദിനം എന്നുള്ളില്‍
ഓരോ തളിരും മുതിരും മുന്പേ.
അടര്‍ ന്നു പോയി...
ഓരോ മൊട്ടും വിരിയും മുന്പെ.
പൊഴിഞ്ഞു പോയി...
എന്നിട്ടും നിന്നെ ഞാന്‍
എന്‍ ഹൃത്തില്‍ പൂജിച്ചു.


പ്രതീക്ഷ

നിന്‍ മുഖം വാടിയതെന്തിനാണോമനെ
നിന്‍ കണ്ണില്‍ നീര്‍ പോടിഞ്ഞതെന്തുകൊണ്ട്
മനസ്സിലെ നൊംബരം മറച്ചിടാതെ
എന്നോട് ചൊല്ല് നീ എന്‍ പൈതലേ

ജീവിതമെന്ന മരീചികയില്‍
നിന്‍ ജീവിത നവ്ക തകര്‍ന്നിടുമ്പോള്‍
നിനക്കെന്നും കൂട്ടിനായ് ഞാനുണ്ടല്ലോ
പിന്നെയെന്തിനീ നെടുവീര്‍പ്പുകള്‍

ഒന്ന് ചിരിക്കെന്റെ തങ്കമേ നീ
ആ ചിരിയില്‍ എന്‍ മനം കണ്ടിടട്ടെ
ഈ ഭുവില്‍ ഇനിയും നന്മയുണ്ട്
ഇവിടെ പ്രതീക്ഷയ്ക്ക് സ്ഥാനമുണ്ട്

പൂമൊട്ട്

വിരിയാന്‍ കൊതിച്ചൊരു പൂമൊട്ടിനെ
എന്തിനായ്‌ നീ ഇറ്ത്തു
മൊട്ടിന്‍ വേദന നീ അറിഞ്ഞോ?
നീ നുള്ളി നോവിച്ചപ്പോള്‍
മൊട്ടിന്‍ നിലവിളി നീ ശ്രവിച്ചോ?
മണ്ണില്‍ കിടക്കും മൊട്ടിനെ നോക്കി നീ ചൊല്ലി
ഇതായിരുന്നല്ലെയോ നിന്‍ ആഗ്രഹം
ഇതിനല്ലയോ നീ എന്‍മുന്‍പില്‍ വന്നത്
മൊട്ടിന്‍ വേദന കേട്ടൊരു പ്രകൃതി
മിന്നല്‍പിണറായി, ഇടിമുഴക്കമായി
പെരുമഴയായി പ്രതിക്ഷേധിച്ചു
എന്നിട്ടും നീ അറിഞ്ഞില്ല മൊട്ടിന്‍ നൊമ്പരം
മണ്ണില്‍ കിടന്ന മൊട്ടിന്‍ ചതഞ്ഞ ദളങ്ങള്‍
സൂര്യരശ്മിയെ നോക്കി  മന്ദഹസിച്ചു
വഴിയെ പോയൊരു പെണ്‍കുട്ടി
ആ മൊട്ടിനെ തന്‍ കരങ്ങളില്‍ എടുത്തു
അവളുടെ തലോടലില്‍ മൊട്ടിന്‍ ദളങ്ങള്‍
രോമാഞ്ചമണിഞ്ഞു... അടര്‍ന്നു വീണു...

മഴത്തുള്ളി

ആകാശത്തോടും മേഘം എന്നോടു ചോദിച്ചു
എന്ന് വരും നീ എന്ന് വരും നമ്മുടെ നാട്ടിലേക്ക്
ഞാന്‍ വരാം ഞാന്‍ വരാം ഒരു നാള്‍ ഞാന്‍ വരാം
വന്നാല്‍ നീയെനിക്ക് എന്തു തരും... എന്തു തരും
അപ്പോഴാ മേഘം ചൊല്ലി, ഞാന്‍ നിന്നെ കാത്തിരിക്കും
നീ വരും നേരം നോക്കി അവിടെ പെയ്തിറങ്ങാന്‍
നിനക്കായി ഞാനന്ന് ഒരുക്കും പ്രകൃതിയെ
ഒരുമഴത്തുള്ളിയായി നിന്‍ കവിളത്തുമമ വയ്ക്കും
ഇതുകേട്ടെന്‍മനം ആനന്ദപൂരിതമായി
ഒരുവര്‍ണ്ണമയൂരംപോല്‍ നര്‍ത്തനമാടി... നര്‍ത്തനമാടി...
അതുകണ്ടാമേഘം സന്തോഷകണ്ണീര്‍ പൊഴിച്ചു
അതൊരു മഴത്തുള്ളിയായി എന്‍മുഖത്തുമ്മ വച്ചു.

എന്‍റെ ഗ്രാമം

സൂര്യ കിരണങ്ങള്‍ തഴുകും വൃക്ഷലതാതികളില്‍ നിന്നും
ഇറ്റിറ്റു  വീഴും ജലകണങ്ങള്‍ വെള്ളിമുത്തുകള്‍പോല്‍ തിളങ്ങി
രാത്രിമഴയില്‍ ഈറനണിഞ്ഞു നില്ക്കുന്നീ ഭൂമിദേവിതന്‍ മടിയില്‍
വെള്ളികസവുനാട പോല്‍ ഒഴുകും കൊച്ചരുവി.

അരുവിയില്‍ നിന്നുംവെള്ളംകുടിക്കും പശുക്കളും,
തന്‍ തായയുടെ പാല്‍ കുടിച്ച്തുള്ളിച്ചാടും പശുകുട്ടികളും
അവയ്ക്ക് പുറകെ ഓടും ബാലന്മാരും .
അവരുടെ ആര്‍പ്പുവിളികളാല്‍ മുഖരിതമാമൊരു അന്തരീക്ഷം.

അമ്പലത്തില്‍ നിന്നുള്ള ശംഖു നാദവും മന്ത്രധ്വനികളും 
പള്ളിയില്‍ നിന്നുമുള്ള പള്ളിമണികള്‍തന്‍ സ്വരവും
മസ്ജിദില്‍ നിന്നും ബാംങ്ക് വിളിതന്‍ ശബ്ദവും
ഒന്നിച്ചുണര്‍ത്തുന്നീ കൊച്ചുഗ്രമാത്തിനെ ഈ സുപ്രഭാതത്തില്‍.

പച്ച പരവതാനി വിരിച്ചപോലുള്ള വയലേലകളും
കനികള്‍ നിറഞ്ഞു നില്‍ക്കും പ്ലാവും, മാവും തെങ്ങിന്‍തോപ്പുകളും
ഉയര്‍ന്നു നില്‍ക്കും മലമുകളതില്‍ വളര്‍ന്നുനില്‍ക്കും റബ്ബറും
എല്ലാംകൊണ്ടും പ്രകൃതിരമണീയമാം പ്രദേശം.

വിവിധ നിറങ്ങളിലുള്ള പുക്കള്‍ നിറഞ്ഞ പൂന്തോട്ടങ്ങളും
അവിടെ പാറിനടന്ന്  തേന്‍കുടിക്കും പൂമ്പാറ്റകളും
പല വര്‍ണ്ണ കിളികള്‍ പറന്നു രസിക്കും തോപ്പുകളും
എല്ലാമുള്ള ശാന്തിതന്‍ പ്രതീകമാമെന്‍ സുന്ദരഗ്രാമം.

പോയ്‌വരു സഖി

എന്തിനായ്‌ എന്നോടുള്ള നിന്‍ ഇഷ്ടം
പറയാതെ നിന്നുള്ളില്‍ ഒളിച്ചുവച്ചു
നിന്നോടെനിക്ക് തോനിയ സ്നേഹം
ഞാനുമെന്‍ ഹൃത്തില്‍ മറച്ചുവച്ചു

നീയാത്രയകുമീ നേരം ഞാനറിഞ്ഞു
നിന്നെ ഞാനെത്രയോ സ്നേഹിച്ചുവെന്ന്
നിന്‍ കണ്ണില്‍ അലയടിച്ച അലയാഴിതന്നില്‍
നിന്നിലെ ദുഃഖം ഞാനിന്നു കണ്ടു

പറയാന്‍ കൊതിച്ചത് പറഞ്ഞിരുന്നെങ്കില്‍
ഈ വേര്‍പാടിന്‍ വേദന വേണ്ടായിരുന്നു
അറിഞ്ഞിട്ടും അറിയാതെ പോയൊരു സത്യം
ഇന്നെന്‍ ഹൃത്തില്‍ നൊമ്പരമായ്.

മറക്കാന്‍ കഴിയാതെ വിങ്ങുമെന്‍ മനസിന്‍
വേദന നിന്നോട് എങ്ങിനെ ചൊല്ലും
പോയ്‌വരു സഖി നിന്‍ പ്രിയതമനൊപ്പം
ഞാനീ പുഴയോരത്താശ്വസിക്കട്ടെ.

മൂടുപടം

മൂടുപടംമോന്നഴിച്ചുമാറ്റി വരില്ലയോ നീ എന്‍ മുന്‍പില്‍
കാത്തിരിപ്പൂ ഞാന്നിന്നു നിന്‍ വദനം ഒന്ന് കാണുവാന്‍
നിന്‍ സംസാര ശയിലിയില്‍ കേട്ടു ഞാന്‍ നിന്‍ വേദന
നിന്‍ വാക്കുകളില്‍ അറിഞ്ഞു ഞാന്‍ നിന്റെ ഉള്‍ഭയം
നിയെന്‍ സുഹൃത്തായി വന്നതില്‍ എനിക്കാഹ്ലാദം
ഒന്ന് നിന്നെ അറിയുവാന്‍ അനുവദിക്കില്ലെ സ്നേഹിതാ
നീ ആരെന്നറിഞ്ഞാല്‍ സ്നേഹിക്കില്ലന്ന പേടിയോ
എന്തിനാണി ഭയം വേണ്ട വേണ്ട എന്‍ സ്നേഹിതാ
നീ ആരായാലും നിന്‍ ഉള്ളില്‍ സ്നേഹത്തില്‍ ദീപമുണ്ട്‌
എന്നു ഞാനറിയുന്നു എന്‍ ഹൃത്തിനുള്ളിലായ്‌
നിന്നിലെ ആ സ്നേഹത്തെ ഞാന്‍ സ്നേഹിച്ചത് തെറ്റാണോ
എന്തിനാണിനിയുമീ മൂടുപടം എന്‍ സ്നേഹിതാ
അഴിച്ചു മാറ്റുവിന്‍ നിന്‍ മൂടുപടം ഒരു നിമിഷമെങ്കിലും
നിഷ്കളങ്കമാം നിന്‍ കണ്ണില്‍ കണ്ടു ഞാന്‍ നിന്‍ നന്മകള്‍
ഒളിച്ചു വയ്ക്കാതെ നിന്‍ നന്മകള്‍ പുറത്തെടുക്കു സ്നേഹിതാ
നിന്നെയൊന്നു കാണുവാന്‍ കാത്തിരിപ്പു ഞാനിന്ന്‌.

ഒരിക്കല്‍ കൂടി

ഓര്‍മ്മ വച്ച നാള്‍ മുതല്‍ നീയെന്‍മനസ്സില്‍ കൂടുകൂട്ടി
എന്തോ പറയാനായി എന്‍ മനം കൊതിച്ചു
വഴിവക്കില്‍ നിന്‍വരവും നോക്കി ഞാന്‍ നിന്നു
കണ്ടിട്ടും കാണാത്തപോലെ നീ കടന്നു പോയി
നിന്‍ ചുണ്ടില്‍ വിരിഞ്ഞ കള്ളച്ചിരി നീ മറച്ചു വച്ചു
ആ ചിരിയെന്നില്‍ സന്തോഷ തേന്‍മഴ പെയ്യിച്ചു
നിന്‍ ശ്രദ്ധക്കായി ഞാന്‍ എത്ര ശ്രമിച്ചു
ഒരു കൊച്ചുകുട്ടിഎന്നപോല്‍ നീയെന്നെ അവഗണിച്ചു
നിന്‍ നോട്ടത്തിനായി ഞാന്‍ കൊതിച്ചത് നീ അറിഞ്ഞില്ലേ
നീ അറിഞ്ഞിരുന്നു എന്നെന് ഹൃത്തെന്നോട് ചൊല്ലി.

രാവുറങ്ങും നേരം എന്‍മനസിന്‍റെ കോവിലില്‍
വന്നു നിന്നതെന്തിനായ്‌
വാതില്‍ മറവില്‍ നിന്നും ഒളികണ്ണെറിഞ്ഞതെന്തിനായ്‌
ഇഷ്ടമായിരുന്നിട്ടും എന്നെ വിട്ടുപോയതെന്തിനായ്‌
ഈ പൂമുഖ വാതിക്കല്‍ നിന്‍ വരവും നോക്കിയിരിപ്പുഞാന്‍
എന്നെ തഴുകും കുളിര്‍തെന്നല്‍ നിന്‍ തലോടലോ
പനിമതിതന്‍ വെള്ളിനിലാവ് നിന് പുഞ്ചിരിയോ
എവിടെയാണ് നീ എന്നില്‍നിന്നും മറഞ്ഞിരിക്കുന്നത്
ആകാശത്തിലെ താരക കൂട്ടത്തിന്‍ ഇടയിലോ
അതോ മഴമേഘങ്ങള്‍ക്കിടയിലോ..........
വരില്ലയോ നീ ഒരിക്കല്‍ക്കുടി ഈ വഴിയെ

യാത്രാമൊഴി

യാത്ര ചോദിയ്ക്കാന്‍ ഇഷ്ടമില്ലെങ്കിലും
ഒരു വാക്ക് നിന്നോടുരയുവാനാശ

എത്രയോ വസന്തങ്ങള്‍ നമ്മള്‍ ഒരുമിച്ച്
സ്നേഹം പങ്കിട്ടത് മറക്കാനാകുമോ

വേര്‍പിരിയില്ല എന്ന വാഗ്ദാനം
കാറ്റില്‍ പറത്തി വിടപറഞ്ഞല്ലോ

ഇന്നെന്‍  മനസ്സില്‍    സ്നേഹമില്ലല്ലോ
എന്നില്‍ നിര്‍വികാരത മാത്രമണെല്ലോ

വേദനതന്നുടെ നടുമുറ്റത്തെന്നെ തനിച്ചാക്കി
നീയിറങ്ങിപോയനാള്‍ ഓര്‍മയുണ്ടോ

വരുമെന്ന ആശയില്‍ ഞാന്‍ കാത്തിരുന്നു
നെടുവീര്‍പ്പു മാത്രം ബാക്കിയായി.

ഈ ജീവിത സായാഹ്നത്തില്‍
നീ വന്നുമുട്ടിയെന്‍ വാതില്‍

നിനക്കു തരാനായി ഒന്നുമില്ലെന്‍ പക്കല്‍
കണ്ണുനീര്‍ മഴയില്‍ എല്ലാം ഒലിച്ചുപോയ്‌

ഇനിയും വേദനയില്‍ പിടയാന്‍ എനിക്കാശയില്ല
പോകട്ടെ ഞാനീ പര്ണ‍കുടീരം വിട്ട്

എന്‍ മകന്‍

വെള്ളിനക്ഷത്രങ്ങള്‍ തിളങ്ങുന്ന നേരം
വെള്ളികിണ്ണത്തില്‍ തുംബപൂചോറൂമായി
ഞാനെന്‍ ഉണ്ണിയെ വിളിച്ചു
മാമമുണ്ണാന്‍ വിളിച്ചു.
ഓടിവന്നവന്‍ എന്ചാരെ
ഓമന കൈകള്‍ നീട്ടിയപ്പോള്‍
സ്നേഹമോടെ ഞാന്‍ വാരിപുണര്‍ന്നു
എന്‍ പൊന്നോമന പയ്തലിനെ
മാനത്തെ അമ്പിളി മാമനെകാട്ടി
മാമം കൊടുത്തു എന്‍മകന്
സന്തോഷമോടവന്‍ കെട്ടിപ്പിടിച്ച്
കവിളിലോരുമ്മ തന്നനേരം
ഞാനെന്നെ മറന്നു മാറോടണച്ചു
മുത്തങ്ങള്‍കൊണ്ട് പൊതിഞ്ഞവനെ
പാല്‍പല്ലുകള്‍ കാട്ടി പോട്ടിചിരിച്ചപ്പോള്‍
എന്നുള്ളം സ്നേഹത്താല്‍ വീര്‍പ്പുമുട്ടി
അമ്പിളിമാമനെ വേണമെന്ന്‍
എന്നോമനമകന്‍ കെഞ്ചിയപ്പോള്‍
എന്ത് ചൊല്ലണമെന്നറിയാതെ
എന്‍നെഞ്ചില്‍ നൊമ്പരം കൂട്കൂട്ടി
വാശിയോടവന്‍ ഇറങ്ങിയോടി
കാലുതട്ടി താഴെ വീണു
പോട്ടികരഞ്ഞവന്‍ എന്നെനോക്കി
ഓടിപോയ്‌ ഞാനെടുത്തവനെ
തോളില്‍ കിടത്തി കാലില്‍ തലോടി
സ്വാന്തനവാക്കുകള്‍ ഒതിയപ്പോള്‍
കണ്ണീര്‍നിറഞ്ഞൊരു മിഴികളുയര്‍ത്തി
ചന്ദ്രനെ നോക്കി ചിരിച്ചല്ലോ.

2012 നവംബർ 12, തിങ്കളാഴ്‌ച

നൊമ്പരം

രാവില്‍ രാപ്പാടി പാടുന്ന ഗാനങ്ങള്‍
ഈണങ്ങളായെന്‍ മനസ്സില്‍ പതിയവെ

മൂകമാം രാത്രി ആരെയോ കാത്ത്
മൌനം ദീക്ഷിച്ച് മടിച്ചു നില്‍ക്കവെ

ചന്ദ്രിക തന്നുടെ വെള്ളി വെളിച്ചത്തില്‍
പ്രകൃതി ദേവി കുളിച്ചു നില്‍ക്കവെ

മന്ദമായ്‌ വീശുന്ന കാറ്റില്‍ ചെടികള്‍
സന്തോഷംകൊണ്ട് മതിമറന്നിരിക്കവെ

മഞ്ഞിന്‍ കണങ്ങള്‍ മുത്തുമണി പോലെ
ഒന്നൊന്നായ് പതുക്കെ മണ്ണില്‍ പതിക്കവെ

കേട്ടു ഞാന്‍ ദൂരെ നിന്‍ മുരളീഗാനം
വേര്‍പാടിന്‍ നൊമ്പരം നിറഞ്ഞൊരു ഗീതം

പറന്നകന്നൊരു ഇണക്കിളിക്കായ്
ആര്‍ദ്രമായ് കേഴുന്ന ഹൃദയ വിലാപം

എന്നിലെ ഹൃദയ തന്ത്രികളെ അത്
മൃദുലമായ്‌ തലോടി കടന്നുപോയി...

ആശ്വസമരുളാന്‍ എന്‍മനം കൊതിച്ചു
വാക്കുകള്‍ കിട്ടാതെ മടിച്ചുനിന്നു...

അറിയാതെ ഇന്നെന്‍ മനസിനുള്ളില്‍
നിന്‍ തേങ്ങലുകള്‍ അലയടിച്ചു...

പനിമതി തന്നുടെ വെള്ളി നിലാവിനെ
കാര്‍മേഘം വന്നു മൂടിയ നേരം

കൂരിരുള്‍ നിറഞ്ഞൊരു ഭൂമിയില്‍ നിശബ്ദത
മൂടുപടം കൊണ്ട് പൊതിഞ്ഞ വേളയില്‍

അറിഞ്ഞു ഞാനാ പ്രകൃതി നിയമം
സുഖദുഃഖങ്ങള്‍ പങ്കിടും നിയമം...

2012 നവംബർ 6, ചൊവ്വാഴ്ച

വിധി

എന്തിനാണീമണ്ണില്‍ ഒരു പാഴ് ജന്മം
എന്നും വേദനതന്‍ തീചൂളയില്‍ എരിയാനായി.
എന്‍ കൂട്ടുകാരെല്ലാം സ്കൂളില്‍ പോകുമ്പോള്‍
എന്‍ ജീവിതം ഈ മെക്കാനിക്ക്‌ ഷോപ്പില്‍
ഗ്രീസും, ഓയിലും, തുടച്ച് കടന്നു പോകുന്നു
ഇതാണോ മായ്ക്കാനാവാത്ത വിധിതന്‍ ക്രൂരത.
വികസിച്ച കണ്ണുകളില്‍ നൊമ്പരത്തിന്‍ നിഴലുകള്‍
വിതുമ്പുന്ന ചുണ്ടുകളില്‍ എന്തുകൊണ്ട് എന്ന ചോദ്യം
ആ അഴുക്കുപുരണ്ട കൈകളില്‍ ഇപ്പോഴേ തഴമ്പുകള്‍
പൂര്‍വ കര്‍മഫലമാണോ ഇതിനു കാരണം
എന്ന് നിശബ്ദതയോടെ കേഴുന്നു
ആ നിഷ്കളങ്കമാം മുഖം എന്‍ മുന്‍പില്‍.
അവിടെ ഞാന്‍ കണ്ടു സങ്കടത്തില്‍ സമുദ്രം അലതല്ലുന്നത്
ആ കണ്ണുകള്‍ കെഞ്ചി എന്നെ സഹായിക്കാമോ?
എന്ത് മറുപടി ഞാന്‍ നല്‍കും ഈ കൊച്ചു ബാലന്
എന്‍ മനസില്‍ പടിവാതില്‍ നിനക്കായി തുറന്നിടാമെന്നോ
എനിക്കെന്റെതാം വേദനകള്‍ ഏറെ ഉണ്ടെന്നോ
എന്‍ മകനെ നിനക്കായി പ്രാര്‍ത്ഥിക്കാം എന്നോ
ഒന്നും പറയാതെ ഞാന്‍ എന്‍റെ ലോകത്തേക്ക് മടങ്ങി
എനിക്കായ് ഞാന്‍ തീര്‍ത്ത ഏകാന്തതയിലേക്ക്‌
അപ്പോഴും ആ ബാലന്‍റെ രൂപം എന്‍ കണ്‍മുന്‍പില്‍ തെളിഞ്ഞു
കണ്ണുനീര്‍ത്തുള്ളികള്‍ ഇറ്റ്റ്റ് വീഴും മിഴികള്‍ തുടച്ച്
ആ കൈകള്‍ തന്‍ വസ്ത്രത്തില്‍ തേച്ചവന്‍
പിന്നെയും കഴുകി വെടിപ്പാക്കും കുബേരര്‍ തന്‍ കാറുകള്‍

ജീവിത സഖി

ഒരു ഗാനത്തിന്‍ ഈണവുമായി
നീയെന്‍മനസ്സില്‍ കടന്നുവന്നു.
നിന്‍ ഗാനമെന്നില്‍ രാഗങ്ങളായി
നിന്‍ ഈണമെന്നില്‍ മോഹങ്ങളായി
എന്‍ സ്വപ്നങ്ങളില്‍ നീ നായികയായി
എന്‍ ഓര്‍മകളില്‍ നീ നിറഞ്ഞുനിന്നു
ഒരു ഇളംതെന്നലിന്‍ തലോടലില്‍
നിന്‍ സാമീപ്യം ഞാനനുഭവിച്ചു
കോകില തന്‍ കിളികൊഞ്ചലില്‍
നിന്‍ സ്വരമാധുര്യം ഞാന്‍ കേട്ടറിഞ്ഞു
നീ എന്നുവരും എന്‍ ജീവിത സഖിയായി
എന്‍ സ്വപ്നങ്ങള്‍ പൂവണിയിക്കാന്‍
നിന്‍ വരവും നോക്കിയിരിപ്പു ഞാന്‍
ഈ പൂമുഖ വാതില്‍ക്കല്‍

2012 ഒക്‌ടോബർ 31, ബുധനാഴ്‌ച

മാപ്പ്

രാപ്പാടി പാടുന്ന ഗാനവും കേട്ടു ഞാന്‍
ഉറങ്ങാതെ നിനക്കായ്‌ കാത്തിരുന്നു
നിന്‍ പാദസ്വരത്തിന്‍ ചിലമ്പൊലി കേള്‍ക്കാന്‍
കാതോര്‍ത്ത് ഞാന്‍ കിടന്നു...

പാതിരാകോഴി കൂവിയിട്ടും
നീയെന്തെ വന്നില്ല എന്‍ചാരെ
ഒരു നിമിഷത്തിന്‍ ബലഹീനതയില്‍
ഞാന്‍ നിന്നെ മറന്നത് തെറ്റുതന്നെ.

ഈശ്വരസാക്ഷിയായ്‌ ചാര്‍ത്തിയ താലിയെ
ഓര്‍ത്ത് നീ എനിക്കിന്ന് മാപ്പുനല്‍കൂ.........
നമ്മുടെ പിഞ്ചോമനയെ തൊട്ടു ഞാന്‍
ഇനി ആവര്‍ത്തിക്കില്ലെന്നാണയിടാം.

ക്ഷമിക്കണമെന്ന് കെഞ്ചുവാന്‍ പോലും
അര്‍ഹതയില്ലാത്ത പാപമാണ്.
മാപ്പുതരില്ലേ നീ എന്‍ പ്രിയേ.....
എന്നുടെ അപരാധം പൊറുക്കുകില്ലേ......

2012 ഒക്‌ടോബർ 30, ചൊവ്വാഴ്ച

സ്വപ്നകുടീരം

ഞാനിന്നൊരു മണല്‍ കൊട്ടാരം കെട്ടി
മണലില്‍ ഞാനെന്‍ കഥ എഴുതി
അലയാഴി തന്നിലെ തിരമാലവന്നെന്‍
സ്വപ്നമാളിക അടിച്ചോണ്ട്പോയ്‌

കുന്നില്‍ മുകളിലെ മലഞ്ചെരുവില്‍ ഞാന്‍
ഒരു പര്‍ണ്ണശാല മെനഞ്ഞെടുത്തു.
പവനന്‍ വന്നൊരു കൊടുംകാറ്റായ്
എന്‍ പുല്‍കുടിലിനെ എടുത്തോണ്ടുപോയ്‌

താഴ്വാരത്തിലെ മയ്താനത്തുഞാന്‍
ഒരു കൊച്ചുവീട് പണിതീര്‍ത്തു.
പേമാരിയില്‍ വന്ന ഉരുള്‍പൊട്ടല്‍
എന്‍ കുഞ്ഞുവീടിനെ പൊളിച്ചോണ്ട്പോയ്‌

ഉയര്‍ന്നു നില്‍ക്കും പാറപുറത്തു ഞാന്‍
ഒരു സ്വപ്നകുടീരം നിര്‍മ്മിച്ചു
തിരമാലയും, കൊടുംകാറ്റും, പേമാരിയും വന്ന്
തോറ്റു പിന്മാറി അതെ തോറ്റുപിന്മാറി.

പ്രതീക്ഷ


എന്തിനെന്നറിയാതെ എന്‍ ആത്മം പിടഞ്ഞു
മനസ്സില്‍ നൊമ്പരം അലകളായ്‌ ഉയര്‍ന്നു
ആള്‍ക്കുട്ടത്തില്‍ തനിച്ചായ നിമിഷങ്ങളില്‍ ...
ആശ്വാസ വാക്കുകള്‍ക്കായി തിരഞ്ഞെന്‍ കണ്ണുകള്‍
നിശബ്ദത എന്നെ നോക്കി കളിയാക്കി ചിരിച്ചു
ആരും കാണാതെ തുടച്ചു ഞാന്‍ കണ്ണുനീര്‍

ഏകാന്തതയില്‍ എന്‍ മനം തേങ്ങി
മോഹഭംഗങ്ങള്‍ എന്‍ സ്വപ്നങ്ങള്‍  തകര്‍ത്തു
ദുഃഖങ്ങള്‍ എന്‍ ഹൃദയം നുറുക്കിയ സമയം
അന്വേഷിച്ചു ഞാന്‍ നിന്നെ ഓരോ ദിക്കിലും
കണ്ടില്ല ഞാനെന്‍ സ്നേഹിതനെ...
കേട്ടില്ല അവനുടെ സാന്ത്വനവാക്കുകള്‍

തെറ്റിധരിക്കില്ലെന്ന മോഹമോടെ
വിളിച്ചു ഞാന്‍ നിന്നെ സ്നേഹമോടെ
വരില്ലയോ നീയോന്നീവഴിയെ...
ഒരിക്കല്‍ കാണാമെന്ന പ്രതീക്ഷയോടെ
കാത്തുനിന്നു ഞാനിന്നീ വിജനമാം പാതയില്‍
ഒരു നോക്ക് കാണാന്‍ ....ഒരു വാക്കു ചൊല്ലാന്‍ .....

2012 ഒക്‌ടോബർ 29, തിങ്കളാഴ്‌ച

നിര്‍വികാരത

ഒരു സ്വപ്നലോകംമെന്നെ കൈമാടി വിളിച്ചനേരം
എല്ലാം മറന്ന്‌ ഞാന്‍ അതിന്‍ പുറകെയോടി
വേണ്ട വേണ്ട എന്നെന്‍റെ അകതാര്‍ മൊഴിഞ്ഞു
കേട്ടില്ല ഞാനത് ഓടി ഞാന്‍ വേഗത്തില്‍.....

പാതിവഴി കഴിഞ്ഞപ്പോള്‍ ഞാനങ്ങുണര്‍ന്നപ്പോള്‍
കണ്ടു ഞാനന്നെ ഒരു വിജനമാം പാതയില്‍
സ്വപ്നലോകം കൈവിട്ട് നോക്കി ഞാന്‍ നാലു ദിക്കും
ഏതു വഴി പോകണം എന്ന് ഞാനറിഞ്ഞില്ല.....

എങ്ങോട്ട് തിരിയണം എന്‍ വീട്ടിലെത്താന്‍
ചോദിച്ചു ഞാനെന്‍ മനസാം വഴികാട്ടിയോട്
സ്വപ്നലോകമാണിത് എന്ന് ഞാന്‍ ചൊല്ലിയത്
എന്തുകൊണ്ട് കേട്ടില്ല മനസാക്ഷി ചോദിച്ചു......

കണ്ടില്ല ഞാനെന്‍ സോദരരേയെങ്ങും
കേട്ടില്ല ഞാനെന്‍ കൂട്ടുകാര്‍ താമശകള്‍
അലഞ്ഞു ഞാനാ പാതയിലൂടെ അങ്ങോട്ടുമിങ്ങോട്ടും
നൂല്‍ പൊട്ടിയ പട്ടം കാറ്റില്‍ പെട്ടതുപോലെ.....

എന്‍ പ്രതീക്ഷകളെല്ലാം തകര്ന്നടിഞ്ഞനേരം
വിളിച്ചു ഞാനെന്‍റെ സൃഷ്ടികര്‍ത്താവിനെ
കണ്ടു ഞാനാനേരം ഒരു ചെറിയ വെട്ടം
അങ്ങങ്ങു ദൂരെ ഒരു മലമുകളിലായ്.....

ഇടറുന്ന കാലടിയോടെ നടന്നു ഞാന്‍ വേച്ചുവേച്ച്
ഇടുങ്ങിയ പാതയിലൂടെ വെളിച്ചത്തെ ലക്ഷ്യമാക്കി
മുള്ളുകളെന്‍ ശരിരത്തില്‍ പോറലെല്പ്പിച്ച സമയം
കൂര്‍ത്തകല്ലുകള്‍ എന്പാദ രക്തം കുടിച്ചു.......

തളര്‍ന്നു ഞാന്‍ വീണു ആ പാതയിലങ്ങ്
കിടന്നു ഞാനെന്‍ ഭൂമിദേവിതന്‍ മടിയില്‍
കണ്ടു ഞാന്‍ ആകാശത്ത് മിന്നും താരകങ്ങള്‍
കേട്ടു ഞാന്‍ ദൂരെ ചീവിടുകള്‍തന്‍ ശബ്ദം.....

തിരിച്ചു ഞാനെന്‍ കണ്ണുകള്‍ കുന്നില്‍മുകളിലേക്ക്
കണ്ടു ഞാന്‍ ദൂരെ ആ കൊച്ചു പ്രകാശം
ഒരു ജീവശവം പോലെ കിടന്നു ഞാനവിടെ
അടച്ചു ഞാനെന്‍ കണ്ണുകള്‍ നിര്‍വികാരതയോടെ....

ഇളംതെന്നല്‍

ഇളംതെന്നലിന്നെന്‍ കാതില്‍പറഞ്ഞത്
നിജമാണോ അതോ കഥയാണോ.
നീ വരുമീവഴി എന്നേ കാണാന്‍
എന്നുപറഞ്ഞത് ശരിയാണോ
ഋതുഭേദങ്ങള്‍ ഒന്നൊന്നായ്
മാറിമറഞ്ഞൊരു നിമിഷങ്ങളില്‍
ഓര്‍മ്മകളില്‍ മാത്രം ഒതുങ്ങികഴിഞ്ഞയെന്നെ
എന്തിനായ് നീ ഉണര്‍ത്തി.
ഒരു കുഞ്ഞിളംകാറ്റില്‍ നിന്നുടെ സ്വരം
ഞാന്‍ കേട്ടത് നിജമാണോ
നിന്‍ സുഗന്ധവും പേറി വന്നൊരു കാറ്റില്‍
കഥ ഞാന്‍ വിശ്വസിച്ചു...
കാതോര്‍ത്ത് വീണ്ടും നിന്‍മൊഴി കേള്‍ക്കാന്‍
പക്ഷെ കേട്ടത് കാറ്റിന്‍ നിശ്വാസം മാത്രം
വൃക്ഷലതാദികള്‍ തലയാട്ടിയെന്നോട്
ചൊല്ലിയതെന്താണ്...
പ്രകൃതിതന്‍ ഭാഷ അറിഞ്ഞിരുന്നെങ്കില്‍
ആശിച്ചു ഞാനിന്ന്‌...
ഒരിക്കല്‍കൂടി ഞാന്‍ പോകട്ടെ വീണ്ടുമെന്‍
ഓര്‍മ്മതന്‍ കൂട്ടിലേക്ക്...

ഏകാന്തത

മുറിവേറ്റ മനസിന്‍ വേദനയെങ്ങിനെ
നിന്നോട് ചൊല്ലിടും ഞാന്‍
ഓര്‍ക്കാപുറത്ത് കിട്ടിയ വാക്കുകള്‍
എന്‍ ഹൃദയ ഞരമ്പുകള്‍ മുറിച്ചനേരം
കണ്ണുനീര്‍ മുത്തുകള്‍ ഒന്നൊന്നായ്
തറയില്‍ പതിച്ച് ചിതറും നിമിഷം
ചോദിച്ചു ഞാന്‍ വീണ്ടും വീണ്ടും
എന്തിനായ് നീയെന്നെ വേദനിപ്പിച്ചു
സ്നേഹിതനാണെന്ന കാരണത്താലാണോ
ഞാനൊരു സ്ത്രീ എന്നതുകൊണ്ടോ
ഇഷ്ടമില്ലന്നു തുറന്നു പറഞ്ഞാല്‍
ഞാന്‍ വിട്ടുപോകാന്‍ ഒരുക്കമാണല്ലോ
 ഇന്നെന്‍ മനസാക്ഷി എന്നോടു ചോദിച്ചു
എന്തിനായ്‌ നീ ഏകാന്തതയെ വെറുത്തു
ഒറ്റപ്പെട്ടൊരു ജീവിതത്തില്‍നിന്ന്
ഓടിഒളിക്കാന്‍ ശ്രമിക്കരുതൊരിക്കലും
ഇവിടെ ലഭിക്കും മനസമാധാനം
വേറൊരിടത്തും ലഭിക്കുകില്ല
എല്ലാം മറന്നു നീ മുന്നോട്ട് പോകൂ
വേണ്ടാ നിനക്കിനി ആരുമാരും
ആശയാണ് നിരാശയ്ക്കുള്ള കാരണം
എന്ന് പറഞ്ഞു മഹാനായ ബുദ്ധന്‍
ഈ തത്ത്വം എത്രയോ സത്യമെന്ന്
എന്‍ ജീവിതത്തില്‍ അറിയുന്നു ഞാന്‍

2012 ഒക്‌ടോബർ 28, ഞായറാഴ്‌ച

കൂട്ടുകാരി

എന്‍ കളികൂട്ടുകാരി നിന്നെയിന്നും
സ്നേഹമോടെ ഞാന്‍ ഓര്‍ക്കുന്നുവല്ലോ
നമ്മള്‍ ഒന്നിച്ചിരുന്ന് കഥകള്‍ പറഞ്ഞിരുന്ന
ആല്‍മരതണല്‍ നിനക്കോര്‍മ്മയുണ്ടോ
എത്രയോ കഥകളും കളിതമാശകളും
നമ്മളവിടെ പങ്കുവച്ചു....
നിന്‍ കൈപിടിച്ചു നടന്ന പാതകളോന്നോന്നായ്‌
ഇന്നുമെന്‍ മനസില്‍ കാണുന്നു ഞാന്‍.
നമ്മുടെ പിണക്കങ്ങള്‍ എല്ലാമെല്ലാം
എത്ര നിസ്സാരങ്ങള്‍ ആയിരുന്നു.
എന്നെന്നും നിന്‍റെ കണ്ണുകള്‍
എന്നെ പിന്തുടരുന്നത് ഞാനറിഞ്ഞു.
ഒരു നിമിഷംപോലും പിരിഞ്ഞിരിക്കാന്‍
എന്തൊരു വിഷമം ആയിരുന്നു
യാത്രപറയാന്‍ സമയമായപ്പോള്‍
പൊട്ടികരഞ്ഞു നീ ഓടിയകന്നു...
ഇന്നുമാദൃശ്യം എന്റെയുള്ളില്‍
നിറഞ്ഞു നില്‍ക്കുന്നത് അറിയുന്നോ നീ
നിന്നുടെ കറയറ്റ സ്നേഹത്തില്‍ മുന്നില്‍
നിസഹായ ആയി നിന്നു ഞാന്‍....
എവിടെയാണ് നീ എന്നറിയാതെ
എന്‍മനമിന്ന് തേങ്ങിടുന്നു...
ഒരു നോക്ക് നിന്നെ കാണുവാനാശ
എന്‍ ഹൃദയത്തില്‍ ഒതുക്കുന്നു ഞാന്‍
ഒരു കൊച്ചു ദീപം പോലെ എന്നും നീ
എന്‍ മനസ്സില്‍ തെളിഞ്ഞു നില്‍ക്കും
എവിടെയാണെങ്കിലും ഒരിക്കല്‍ക്കൂടി
കണ്ടുമുട്ടുമെന്ന പ്രതീഷയോടെ..
യാത്രയാകട്ടെ ഞാനിന്ന് വീണ്ടുമാ
കരകാണാക്കടലിന്‍ അപ്പുറത്തേക്ക്.

ദുഃഖം

അറിഞ്ഞില്ല ഞാന്‍ നിന്‍ നൊമ്പരം
കേട്ടില്ല ഞാന്‍ നിന്‍ നിശ്വാസം
കണ്ടില്ല ഞാന്‍ നിന്‍ കണ്ണുനീര്‍
ഓര്‍ത്തില്ല ഞാന്‍ നിന്‍ കദനകഥ.

എന്നുടെ ലോകത്തില്‍ ഞാന്‍ മയങ്ങി
എന്നിലെ നിശ്വാസം മാത്രം ഞാന്‍ കേട്ടു
എന്നുടെ ദുഃഖങ്ങള്‍ ഒന്നൊന്നായെണ്ണി
എന്തിനീ പരീക്ഷണമെന്നു ഞാന്‍ കേണു.

അടച്ചിട്ടജാലകം ഒന്നു ഞാന്‍ തുറന്നു
നോക്കി ഞാന്‍ പുറത്തേക്ക് ഒരു നിമിഷനേരം
കണ്ടു ഞാന്‍ കൈകള്‍ നീട്ടുന്ന ഏഴകളെ
വിശക്കുന്നുവെന്ന് കേഴുന്ന മനുഷ്യര്‍തന്‍ നിലവിളി.

അമ്മതന്‍ ഒട്ടിയ സ്തനങ്ങളില്‍ കടിച്ച്
പാലിനായ്‌ തേങ്ങും പൈതലിന്‍ രോദനം
കേട്ടു ഞാന്‍ ദൂരെ സ്ത്രികള്‍തന്‍ പൊട്ടിച്ചിരി
മദ്യലഹരിയില്‍ അട്ടഹസിക്കും മനുഷ്യര്‍തന്‍ ശബ്ദം.

ഈശ്വരായെന്നു ഞാന്‍ വിളിച്ചു വ്യസനമോടെ
ഇറുക്കിയടച്ചു ഞാനെന്നുടെ മിഴികള്‍
എന്നുടെ ദുഃഖങ്ങള്‍ ഒന്നുമല്ലെന്ന്
അറിഞ്ഞു ഞാനപ്പോള്‍ ആ ഒരു നിമിഷനേരം.

നീയെന്ന സത്യം

ഇന്നലെ ഞാന്‍ കണ്ടൊരു സ്വപ്നമായിരുന്നു നീ
ഇന്നു ഞാനറിയുന്നു നീയെന്ന സത്യത്തെ.
നിന്നരികില്‍ ഒന്നിരിക്കാന്‍ എന്‍മനം കൊതിച്ചനേരം
നിന്നുടെ പുഞ്ചിരിയില്‍ ഞാനറിഞ്ഞു നിന്നിഷ്ടം

എന്‍മനസില്‍ മുന്നില്‍ നീയിന്നു നര്‍ത്തനമാടി
നിന്‍ ചിലങ്കതന്നോലിയില്‍ ഞാന്‍ അലിയാന്‍ കൊതിച്ചു
ഈ ഗ്രീഷ്മകാലസന്ധ്യയില്‍ നീവന്നു നിന്നനേരം
നിന്‍ ഊഷ്മളത തൊട്ടറിയാന്‍ എന്‍ ഹൃദയം തുടിച്ചു

നീ നടന്ന വഴിയെ ഞാന്‍ നടന്നു മെല്ലെ
നിന്‍ കാലടികളില്‍ എന്‍ പാദങ്ങള്‍ വച്ച്
ആ നിമിഷനേരം നിന്നുടെസ്പര്‍ശനം
ഞാനറിഞ്ഞുയെന്റെ ഉള്ളിന്റെയുള്ളില്‍

നീയെന്ന സത്യത്തെ എന്‍റെ സ്വന്തമാക്കാന്‍
എന്‍ ഹൃദയമെന്നോട്  മെല്ലെമെല്ലെ മന്ത്രിച്ചു
വേണ്ടവേണ്ട എന്ന് എന്‍ മനസാക്ഷി ചൊല്ലി
എന്തിനായ്‌ വെറുതെ വേദനിക്കാനായ്...