രാവില്‍ രാപ്പാടി പാടുന്ന ഗാനങ്ങള്‍
ഈണങ്ങളായെന്‍ മനസ്സില്‍ പതിയവെ
മൂകമാം രാത്രി ആരെയോ കാത്ത്
മൌനം ദീക്ഷിച്ച് മടിച്ചു നില്‍ക്കവെ
ചന്ദ്രിക തന്നുടെ വെള്ളി വെളിച്ചത്തില്‍
പ്രകൃതി ദേവി കുളിച്ചു നില്‍ക്കവെ
മന്ദമായ് വീശുന്ന കാറ്റില്‍ ചെടികള്‍
സന്തോഷംകൊണ്ട് മതിമറന്നിരിക്കവെ
മഞ്ഞിന്‍ കണങ്ങള്‍ മുത്തുമണി പോലെ
ഒന്നൊന്നായ് പതുക്കെ മണ്ണില്‍ പതിക്കവെ
കേട്ടു ഞാന്‍ ദൂരെ നിന്‍ മുരളീഗാനം
വേര്‍പാടിന്‍ നൊമ്പരം നിറഞ്ഞൊരു ഗീതം
പറന്നകന്നൊരു ഇണക്കിളിക്കായ്
ആര്‍ദ്രമായ് കേഴുന്ന ഹൃദയ വിലാപം
എന്നിലെ ഹൃദയ തന്ത്രികളെ അത്
മൃദുലമായ് തലോടി കടന്നുപോയി...
ആശ്വസമരുളാന്‍ എന്‍മനം കൊതിച്ചു
വാക്കുകള്‍ കിട്ടാതെ മടിച്ചുനിന്നു...
അറിയാതെ ഇന്നെന്‍ മനസിനുള്ളില്‍
നിന്‍ തേങ്ങലുകള്‍ അലയടിച്ചു...
പനിമതി തന്നുടെ വെള്ളി നിലാവിനെ
കാര്‍മേഘം വന്നു മൂടിയ നേരം
കൂരിരുള്‍ നിറഞ്ഞൊരു ഭൂമിയില്‍ നിശബ്ദത
മൂടുപടം കൊണ്ട് പൊതിഞ്ഞ വേളയില്‍
അറിഞ്ഞു ഞാനാ പ്രകൃതി നിയമം
സുഖദുഃഖങ്ങള്‍ പങ്കിടും നിയമം...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ